Saturday, 7 March 2015

Onthu - Chameleon

ഓന്ത്‌ !!!!!










പാമ്പുകളുടെ കുത്തകയായി അറിയപ്പെടുന്ന ഉരഗവര്‍ഗ്ഗത്തിലെ സല്‍ഗുണസമ്പന്നനും കലാകാരനും നിഷ്കളങ്കനും ആണ് ഓന്ത്‌ . നാല് കാലുകള്‍ ഉള്ള സ്ഥിതിക്ക് ‘ഓന്ത്‌ ഒരു നാല്ക്കാലിയാണ്’ എന്നു തുടങ്ങിയാലും തെറ്റില്ല. ഒരു വാലുള്ളതുകൊണ്ട് ‘ഏകവാലി’ ഗണത്തിലും പെടുത്താം. പക്ഷെ ഓന്ത്‌ പാല് തരില്ല. അതുകൊണ്ടുതന്നെ ആരും ഓന്തിനെ വളര്ത്താറില്ല. സത്യത്തില്‍ ആയുര്‍വേദത്തിന്റെയും കഥകളിയുടെയും കാലവര്‍ഷത്തിന്റെയും സഹ്യപര്‍വ്വതത്തിന്റെയും മലയാള മനോരമയുടെയും ഒന്നും മൂല്യം ശരിക്ക് മനസ്സിലാക്കാത്ത മലയാളി മനപൂര്‍വ്വമല്ലെങ്കിലും ശ്രദ്ധിക്കാതെപോയ ഒന്നാണ് ഓന്തിന്റെ ഗുണഗണങ്ങള്‍.


ഓന്തിന്റെ മുതുമുത്തച്ഛന്‍മാര്‍ ദിനോസര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജലം, വായു, ഭൂമി എന്നിങ്ങനെ എല്ലാ സ്ഥലവും അടക്കിവാണിരുന്ന അവരുടെ കയ്യില്‍നിന്നും എന്തോ ഉഡായിപ്പ്‌ കാണിച്ചാണ് മനുഷ്യര്‍ ഭൂമിയുടെ control തട്ടിയെടുത്തത്‌. നമ്മളേക്കാളും നന്ദിയുള്ള തമിഴര്‍ ഇന്നും ദിനോസറിനെ ബഹുമാനപൂര്‍വ്വം ‘പെരിയ ഓന്ത്‌’ എന്നാണു വിളിക്കുന്നത്.


തന്റെ cousin brother  ആയ അരണയെപ്പോലെ മറവിയോ കുഞ്ഞമ്മയുടെ മോനായ പല്ലിയെപ്പോലെ വാലുമുറിച്ചു പേടിച്ചോടുന്ന പരിപാടിയോ ഓന്തിനില്ല.  Snake, Lizard, Millipede, Tortoise, Dinosaur തുടങ്ങിയ വല്യ teams എന്നു സ്വയം അവകാശപ്പെടുന്ന ഉരഗങ്ങളെ വച്ചുനോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അക്ഷരങ്ങള്‍ ഉള്ളതും കേള്‍ക്കാന്‍ ഇമ്പമുള്ളതും ഓന്തിന്റെ ‘CHAMELEON’ എന്ന ഒഫീഷ്യല്‍ പേരാണ്. ഒരു നിമിഷം കണ്ണടച്ചു ഏകാഗ്രതയോടെ രണ്ടു തവണ ആ പേരൊന്നു പറഞ്ഞുനോക്കു. ആഹാ, മനസ്സില്‍ കുളിരുകോരുന്നത് നിങ്ങള്‍ക്ക്‌ feel ആകും.


കയറഴിഞ്ഞുപോയ പശുവും ആടും ആദ്യം തിന്നുക നിങ്ങള്‍ നട്ടുവച്ചിരിക്കുന്ന പ്ലാവിന്‍തൈയും പച്ചക്കറിചെടികളുമായിരിക്കും. കോഴി വളര്‍ത്തുന്ന വീടുകളില്‍ കോഴികാഷ്ടത്താല്‍ അലങ്കൃതമാവാത്ത ഒരു വരാന്ത എങ്കിലും ഉണ്ടാകുമോ? പാതിരാത്രി മനുഷ്യന്‍ സ്വൈര്യമായി ഉറങ്ങണ ടൈമില് കോറസ്സായി ഓരിയിടുക എന്നതല്ലേ പട്ടിയുടെ പ്രധാന ഹോബി. പൂച്ചയുടെ അനാശാസ്യം പുറത്തുപറയാന്‍ കൊള്ളില്ല. കേരളത്തില്‍ അമേരിക്കന്‍ കള്‍ച്ചര്‍ കൊണ്ടുവന്നതെ മാര്‍ജാരന്മാരാണ്.

ഇപ്രകാരം bloody fools ആയിട്ടുള്ള മൃഗങ്ങളെ അരുമയായി വളര്‍ത്തുന്ന നിങ്ങള്‍ എന്തിനു കയ്യാലപ്പുറത്ത് ചിന്തിച്ചിരിക്കുന്ന ഓന്തിനെ കല്ലെറിയുന്നു? ഇന്നുവരെ ഓന്ത്‌ കൃഷി നശിപ്പിച്ചതായി ഒരു സ്റ്റേഷനിലും പരാതി കിട്ടിയിട്ടില്ല. വരാന്തയിലോ മുറ്റത്തോ ഓന്ത്‌ അപ്പി ഇട്ടിട്ടില്ല. Actually  ഓന്ത്‌ അപ്പി ഇടുന്നത് ഇന്നുവരെ ആരും കണ്ടിട്ടുപോലും ഇല്ല. ചുരുളഴിയാത്ത രഹസ്യങ്ങള്‍ എന്ന ബാലരമ പരമ്പരയില്‍ പണ്ടെങ്ങോ ഓന്ത്‌ അപ്പി ഇടുമോ എന്ന വിഷയം വന്നിരുന്നതായി ഓര്‍മ്മ ഉണ്ട്.


വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ വിനയന്‍ ഉണ്ടാക്കിയ ‘അതിശയന്‍’ മരുന്ന് കുടിച്ച് ഒരുകൂട്ടം ഓന്തുകള്‍ വലുതാവുകയും, എന്നിട്ട് നാണം മറയ്ക്കാനായി അവര്‍ ഉണ്ടായിരുന്ന മുതലെല്ലാം വിറ്റുപെറുക്കി കുളത്തിലേക്ക് താമസം മാറുകയും ഉണ്ടായി. മുതല്‍ നഷ്ടപെട്ട അവര്‍ മുതലകള്‍ എന്നു പില്‍ക്കാലത്ത്‌ അറിയപ്പെട്ടു. ഈ മുതലകളും മാക്ട, അമ്മ തുടങ്ങിയ സംഘടനകളും പ്രഥമ ദൃഷ്ട്യാ അകലച്ചയിലായിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന വിനയന്റെ ആരോപണം എത്രമാത്രം ശരിയാണ് എന്നു ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.


സുമേഷ്‌ തിരിഞ്ഞുനോക്കുമ്പോള്‍ മാത്രം കൊഞ്ഞനംകുത്തി കാണിക്കുന്ന മൈനക്കുപോലും മിക്കവാറും സമയങ്ങളില്‍ pair ആയി ഒരു മൈനി കാണും. പാവം ഓന്ത്‌ മാത്രം ജന്മനാ single ആയി ആണ് കാണപ്പെടുന്നത്. ബാബുരാജ്‌ പറയണപോലെ ‘അല്ലേലും ഓന്തിനു ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ.’ മിന്നാമിനുങ്ങ് ഒരു LED കത്തിച്ചുകാണിച്ചാല്‍ “ആഹാ :O”, പാവം ഓന്ത്‌ 1080p, 22 megapixel colour change നടത്തികാണിച്ചാലും “ഏഹെ :P”. എന്നാണാവോ മലയാളികളുടെ കലാബോധവും കൂടി ഒന്ന് ഡിജിറ്റല്‍ ലെവലില്‍ എത്തുന്നത്.


ദേശീയമൃഗം, സംസ്ഥാനമൃഗം, ദേശീയപക്ഷി, സംസ്ഥാനപക്ഷി തുടങ്ങിയ കസേരകള്‍ ആദ്യം മുതലേ കയ്യടക്കിവച്ചിരിക്കുന്ന കടുവ,ആന,മയില്‍,വേഴാമ്പല്‍ തുടങ്ങിയവരുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്യപ്പെടെണ്ടതാണ്. അല്ലെങ്കിലും ഇത്രനാള്‍ ഭരിച്ചിട്ടും ഇവര്‍ എന്തൂട്ട് തേങ്ങയാണ് മൃഗങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്നത്. ഓന്തിനു എന്താണ് ഒരു കുറവ്. ഇനി in case ഇവര്‍ക്ക് സ്ഥാനം ഒഴിയാന്‍ വയ്യെങ്കില്‍ ഓന്തിനു വേണ്ടി പുതിയ post ഉണ്ടാക്കിയാലും മതി. വല്ല താലുക്ക് മൃഗമോ, മുനിസിപാലിറ്റി മൃഗമോ അങ്ങനെ എന്തെങ്കിലും.


ജീവിതവിജയത്തിനും നിലനില്‍പ്പിനും ഏതൊരാള്‍ക്കും വേണ്ട അവശ്യഘടകമാണ് സാഹചര്യങ്ങളോട് ഒത്തുപോകല്‍ അഥവാ adaptation . ഓന്ത്‌ കറക്റ്റ്‌ ആയിട്ട് നിറം മാറിയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ 80-90 കാലഘട്ടങ്ങളില്‍തന്നെ സ്കൂളിലും പോകാതെ മങ്ങാണ്ടിയും ചപ്പി നടക്കുന്ന പരട്ട പിള്ളാരുടെ ഏറുകൊണ്ട് വംശനാശം സംഭവിച്ചേനെ. അങ്ങനെയായിരുന്നെങ്കില്‍ ഇന്നു ഓന്ത്‌ അനുസ്മരണചടങ്ങുകളും ഓന്ത്‌ മെമ്മോറിയല്‍ സ്ഥാപനങ്ങളും ‘ഒന്തിസ്റ്റ്‌, ഒന്തോളജി, ഒന്തിസം’ തുടങ്ങിയ വാക്കുകളും ഇവിടെ സുപരിചിതം ആയേനെ.


പന്നിപനി, പക്ഷിപനി, എലിപനി, ആന്ത്രാക്സ് തുടങ്ങിയ പുറത്തുപറയാന്‍ കൊള്ളാത്ത രോഗങ്ങള്‍ നിങ്ങളിലെക്കെത്തിക്കുന്ന മൃഗങ്ങള്‍ക്ക് കാലിത്തീറ്റയും pedigree-യും ഗോതമ്പും യഥേഷ്ടം കൊടുക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനായി ഒരു കിലോമീറ്റര്‍ നാക്ക് അകത്ത്‌ ചുരുട്ടി നിരാലംബനായി നില്‍ക്കുന്ന ഓന്തിനു ഒരു അണ്ടിപ്പരിപ്പുപോലും കൊടുക്കാത്തവരാണ് നിങ്ങള്‍...

ഈ ഇടക്ക് ഓടയില്‍ ജനിച്ച ഒരു ഈച്ചയുടെ കൂടെ അഭിനയിക്കാന്‍ തയ്യാറായ താരറാണി ‘Samantha’ എത്രയും പെട്ടെന്ന് ഓന്തിന്റെ നായികയായി ഒരു സിനിമ ചെയ്യണം എന്ന് KOOI-യുടെ (Kerala Organization for  Onth Integrity) പേരില്‍ ഞാന്‍ ആവശ്യപ്പെടുകയാണ്.


ഓന്തിനെ ദൂരെ മാറിനിന്നു കല്ലെറിയുന്ന ഡാഷുകളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ധൈര്യമുണ്ടെല്‍ ഒറ്റക്ക് ആയുധമില്ലാതെ ഒന്നു മുട്ടി നോക്ക്. ചോരപ്പുഴ ഒഴുകും. ആ...

Atleast  തന്നെ എറിയുന്ന ടൈമില്‍ എങ്കിലും മനുഷ്യര്‍ ജാതിയും മതവും രാഷ്ട്രീയവും മറന്നു ഒന്നായി കണ്ടല്ലോ എന്നാണ് ഏറു കിട്ടിയ പ്രമുഖ ഗാന്ധിയന്‍ ഓന്ത്‌ ശ്രീ അന്തപ്പന്‍ ആശുപത്രിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്‌. “പാമ്പുകളോടുള്ള കലിപ്പ് പാമ്പുകളോട് തീര്‍ക്കണം. അല്ലാതെ ഷാജി കൈലാസ്‌ സിനിമയിലെപോലെ ഫാമിലി മെമ്പര്‍സിനെ ഉപദ്രവിക്കരുത്.” വികാരവിക്ഷുബ്ധനായി അന്തപ്പന്റെ മകന്‍ ചന്തപ്പന്‍ പൊട്ടിത്തെറിച്ചത് ആര്‍ക്കാണ് കണ്ടില്ല എന്നു നടിക്കനാവുക?


ഉറക്കം അഭിനയിച്ച മതേവന്‍ ചത്തു എന്നു കരുതിയ മണ്ടന്‍ കരടി, ഓട്ടമത്സരത്തില്‍ ഒത്തുകളിച്ച ആമയും മുയലും, കുത്തകമുതലാളിയായ ujjala-ക്ക് പരസ്യം കിട്ടാന്‍ വേണ്ടി നീലത്തില്‍ ചാടിയ ഊളന്‍ കുറുക്കന്‍, Bisleri water-ല്‍ കല്ലുപെറുക്കിയിട്ടു വൃത്തികേടാക്കിയ കാക്ക തുടങ്ങിയ negative elements  ഉള്ള കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാതെ ഏതെങ്കിലും ധീരഓന്തിന്റെ സാഹസികചരിതം വിവരിച്ചു അവരില്‍ മൂല്യബോധം വളര്‍ത്തുകയാണ് വിവരമുള്ള മാതാപിതാക്കള്‍ ചെയ്യേണ്ടത്‌.


ഓന്തിന്റെ ഗുണഗണങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ വര്‍ണ്ണിക്കാന്‍ എന്റെ കയ്യിലുള്ള വാക്കുകളും ആശയങ്ങളും കൊണ്ട് സാധിക്കില്ല. ആകെ എനിക്ക് ഇത്രയെ പറയാനുള്ളൂ. ഇനിയെങ്കിലും ഓന്തിനെ പുച്ഛിക്കുന്നത് നിര്‍ത്തിയിട്ട് വല്ലതും കണ്ടുപഠിക്കാന്‍ നോക്ക്. ഇനി ഓന്ത്‌ വല്ല അഹങ്കാരവും കാണിച്ചാലും കണ്ടില്ലാ എന്നു വച്ചെക്കണം. പിന്നെ വേറൊരു കാര്യം കൂടി. എല്ലാവരും ചെറ്റകളല്ല, ഓന്തിനെ ഇഷ്ടപെടുന്ന, സ്നേഹിക്കുന്ന ആളുകളും ഉണ്ട്. J J അവര്‍ക്ക്‌ സമര്‍പ്പിക്കുന്നു ഞാന്‍ ഈ ഒന്തിസ്റ്റ്‌ കാവ്യം.


“ആകയാല്‍, ഭൂമിയില്‍ ഓന്ത്‌ എന്ന ഇരട്ടപേരുള്ളവന്‍ ഭാഗ്യവാന്‍. അവന്‍ സല്‍സ്വഭാവിയും നിഷ്കളങ്കനും കലാകാരനും എന്നറിയപ്പെടും.”��������������������

No comments:

Post a Comment